റെയില്‍‌വേ മുത്തപ്പന്‍

കുറിച്യരെ ഒന്നിച്ചു നിര്‍ത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തില്‍ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനുംവേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളില്‍. നാടുകാര്‍ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേര്ന്ന് അവര്‍ക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങള്‍ അവനോടുള്ള സ്നേഹാദരങ്ങള്‍‍ മാത്രമായി കണക്കാക്കിയാല്‍ മതി. പുരാവൃത്തങ്ങള്‍ക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിതതപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതര്‍‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങള്‍ക്കു പുതിയ വ്യാഖാനങ്ങള്‍ നല്‍കിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പന്‍‍. അവസനാകാലത്ത്‍ മുത്തപ്പന്‍‍ താമസിച്ചത് കുന്നത്തൂര്‍പാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താല്‍ പ്രസിദ്ധമായിത്തീര്‍‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങള്‍‍ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താന്‍ പണ്ടുനയിച്ച നായാട്ടും മധുപാന‌വും ഒക്കെ പുനര്‍‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പന്‍‍. അവരുടെ ഏതാപത്തിലും മുത്തപ്പന്‍ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തില്‍ ജൈനമതക്കാര്‍ തങ്ങളുടെ ദേവനായ തീര്‍ത്ഥങ്കരനേയും ബുദ്ധമതക്കാര്‍ ബുദ്ധനേയും (ശ്രീബുദ്ധനുള്‍പ്പടെ) മുത്തന്‍, മുത്തപ്പന്‍, എന്നൊക്കെ വിളിച്ചിരുന്നു. മുക്തന്‍ എന്നതിന്‍റെ ഗ്രാമ്യമാണ് മുത്തന്‍. ആ വഴിയിലൂടെ ചിന്തിക്കില്‍ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേര്‍ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ്‌‍ മലയാറ്റൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുത്തപ്പനെ ആരാധിക്കുന്നത്.